Sports
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണങ്ങളിൽ ഒന്ന് ലഭിച്ച ക്യാച്ചുകൾ കൈവിട്ടത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ ആറ് ക്യാച്ച് ഇന്ത്യക്കാർ നിലത്തിട്ടപ്പോൾ ചുരുങ്ങിയത് 150 റൺസ് ലീഡ് നേടാനുള്ള അവസരം നഷ്ടമായി.
രണ്ടാം ഇന്നിംഗ്സിലും ക്യാച്ച് കളയുന്നതിൽ മാറ്റമില്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, സായ് സുദർശൻ, ഋഷഭ് പന്ത് എന്നിവരുടെ കൈയിൽനിന്നു ക്യാച്ച് നഷ്ടപ്പെട്ടു. ഇവരെല്ലാം മികച്ച ഫീൽഡർമാരാണെന്നതും മറ്റൊരു യാഥാർഥ്യം.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്നു ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ കൈകള്‍ നിർണായകമായ അഞ്ചാംദിനവും ചോര്‍ന്നു. മത്സരത്തിൽ ജയ്സ്വാളിന്റെ കൈ ചോർന്നത് ആകെ നാലു പ്രാവശ്യം!
സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ചേസിംഗ് നയിച്ച ബെന്‍ ഡക്കറ്റിന്റെ ക്യാച്ചായിരുന്നു അഞ്ചാം ദിനം ജയ്സ്വാള്‍ നിലത്തിട്ടത്. മുഹമ്മദ് സിറാജായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. ഡക്കറ്റ് 116 പന്തില്‍ 97 റണ്‍സില്‍ നില്‍ക്കവെയാണ് ജീവന് തിരിച്ചു കിട്ടിയത്. 149 റൺസ് നേടിയ ബെൻ ഡക്കറ്റാണ് ലീഡ്സിലെ ഒന്നാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ച്.
സാക്ക് ക്രൗളിയുടെ ഒരു റിട്ടേണ്‍ ക്യാച്ച് ജസ്പ്രീത് ബുംറയുടെ കൈയില്‍ ഒതുങ്ങിയില്ലെന്നതും ഇന്ത്യയുടെ അഞ്ചാംദിനത്തിലെ മറ്റൊരു നിര്‍ഭാഗ്യമായി. ക്രൗളി 89 പന്തില്‍ 42 റണ്‍സ് എടുത്തുനില്ക്കേയാണ് വിഷമകരമായ ഒരു റിട്ടേണ്‍ ക്യാച്ച് ബുംറയുടെ കൈയില്‍നിന്നു നഷ്ടപ്പെട്ടത്.
ഇന്ത്യ ക്യാച്ചുകൾ കൈവിട്ട കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, 373/5.
Sports
ലീഡ്സ്: ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ എന്ന ചരിത്രം കുറിച്ച് ഋഷഭ് പന്ത്. ലോകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമതു വിക്കറ്റ് കീപ്പറും. സിംബാബ്വെയുടെ ആന്‍ഡി ഫ്ലവറാണ് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍.
2001ല്‍ ഹരാരെയില്വച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 142, 199 നോട്ടൗട്ട് എന്നതായിരുന്നു ആന്‍ഡി ഫ്ളവറിന്റെ സ്കോറുകള്‍. ഇംഗ്ലണ്ടില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടവും പന്ത് കുറിച്ചു.
ലീഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി തികച്ചതോടെയാണ് പന്തിന്റെ ഈ നേട്ടം. നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലണ്ടില്‍ പന്തിന്റെ നാലാം സെഞ്ചുറിയാണ്. 140 പന്തിൽ 15 ഫോറും മൂന്നു സിക്സും അടക്കം 118 റൺസ് നേടിയ ഋഷഭ് പന്ത്, ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സ് നേടി, ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (7) സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നതടക്കമുള്ള റിക്കാര്‍ഡ് പന്ത് സ്വന്തമാക്കിയിരുന്നു. ഗ്ലൗ അണിഞ്ഞപ്പോള്‍, വിക്കറ്റിനു പിന്നില്‍ 150 ക്യാച്ച് പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലും പന്ത് എത്തി.
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യക്കുവേണ്ടി സെഞ്ചുറി നേടുന്ന ഏഴാമത് താരമാണ് ഋഷഭ് പന്ത്. വിജയ് ഹസാരെ, സുനില്‍ ഗാവസ്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ഇതില്‍ സുനില്‍ ഗാവസ്കര്‍ മൂന്നു പ്രാവശ്യവും രാഹുല്‍ ദ്രാവിഡ് രണ്ടു പ്രാവശ്യവും ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിട്ടുണ്ട്.
ടെസ്റ്റിൽ ഋഷഭ് പന്തിന്റെ എട്ടാം സെഞ്ചുറിയാണ് ലീഡ്സിൽ നാലാംദിനം പിറന്നത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള ഏഷ്യൻ വിക്കറ്റ് കീപ്പർ എന്ന റിക്കാർഡും പന്ത് സ്വന്തമാക്കി. ഏഴ് സെഞ്ചുറിയുള്ള ശ്രീലങ്കൻ മുൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരുടെ റിക്കാർഡാണ് പന്ത് പഴങ്കഥയാക്കിയത്.
Sports
ലീഡ്സ്: ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് ഋഷഭ് പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ പന്തിന്റെ നാലാം സെഞ്ചുറിയാണ് ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പിറന്നത്. 178 പന്തില്‍ 12 ഫോറും ആറ് സിക്സും അടക്കം 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജോഷ് ടോങിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള വിക്കറ്റ് കീപ്പർ എന്നതിൽ, ഓസീസ് സൂപ്പര്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ഇയാന്‍ ഹീലി, ബ്രാഡ് ഹാഡിന്, ന്യൂസിലന്‍ഡിന്റെ ടോം ബ്ലണ്ടെല്‍ എന്നിവര്‍ക്കൊപ്പം (മൂന്നു സെഞ്ചുറി) റിക്കാര്‍ഡ് പങ്കിടുകയായിരുന്നു പന്ത്.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന (മൂന്ന്) വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനു സ്വന്തം. ഇംഗ്ലണ്ടില്‍ മറ്റൊരു വിക്കറ്റ് കീപ്പറിനും ഒന്നിലധികം സെഞ്ചുറി നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് ഇനി ഋഷഭ് പന്തിനു സ്വന്തം. ലീഡ്സില്‍ പന്ത് നേടിയത് ടെസ്റ്റിലെ ഏഴാം സെഞ്ചുറി. 44-ാം ടെസ്റ്റ് കളിക്കുന്ന പന്ത്, 76-ാം ഇന്നിംഗ്സിലാണ് ഏഴാം സെഞ്ചുറി കുറിച്ചത്. 90 ടെസ്റ്റില്‍നിന്നായി 144 ഇന്നിംഗ്സില്‍ ആറ് സെഞ്ചുറി നേടിയ എം.എസ്. ധോണി, 39 ടെസ്റ്റിലെ 54 ഇന്നിംഗ്സില്‍നിന്ന് മൂന്നു സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹ എന്നിവരാണ് പട്ടികയില്‍ പന്തിനു പിന്നിലുള്ളത്.
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ മൂന്നു റിക്കാര്‍ഡ് ഋഷഭ് പന്ത് ഇന്നലത്തെ ഇന്നിംഗ്സിനിടെ തകര്‍ത്തു. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളാണ് ഒറ്റദിവസംകൊണ്ട് ധോണിയില്‍നിന്നു റാഞ്ചിയത്. 78 സിക്സായിരുന്നു ധോണിയുടെ റിക്കാര്‍ഡ്. ടെസ്റ്റില്‍ ആറ് സെഞ്ചുറിയും സേന രാജ്യങ്ങളില്‍ 1731 റണ്‍സുമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പന്ത് പഴങ്കഥയാക്കി.
Sports
ലീഡ്സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. കാരണം, ടീമിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനു മാത്രമാണ് അതിനുള്ള നറുക്കു വീഴുക. സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിന് തെണ്ടുല്‍ക്കറിനെ ആരാധകര്‍ കരുതുന്നത്. കിംഗ് എന്ന വിശേഷണം കോഹ്ലിക്കും അവര്‍ നല്കി. പ്രിന്‍സ് എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്.
സച്ചിന് തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമാണ് വിരാട് കോഹ്ലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം ലഭിച്ചത്. കോഹ്ലിയുടെ വിരമിക്കലിനുശേഷം ആ ബാറ്റിംഗ് സ്ഥാനം ശുഭ്മാന്‍ ഗില്ലിനും. ഈ മൂന്നു താരങ്ങളും തമ്മില്‍ മറ്റൊരു അപൂര്‍വതയുമുണ്ട്. 2013ല്‍ സച്ചിന്റെ വിരമിക്കലിനു ശേഷമുള്ള ആദ്യടെസ്റ്റില്‍ നാലാം നമ്പറിലെത്തി കോഹ്ലി സെഞ്ചുറി നേടി. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു ആ സെഞ്ചുറി. നാലാം നമ്പറില്‍ കോഹ്ലിയുടെ ആദ്യ ഇന്നിംഗ്സായിരുന്നു അത്. ഇതാ ഇപ്പോള്‍, കോഹ്ലിയുടെ വിരമിക്കലിനുശേഷമുള്ള ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയിരിക്കുന്നു. അതും നാലാം നമ്പറിലെ ആദ്യ ഇന്നിംഗ്സില്‍!!!
ടെസ്റ്റ് കരിയറില്‍ ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ലീഡ്സ് പോരാട്ടത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 147 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന അഞ്ചാമനാണ് 25കാരനായ ഗില്‍ എന്നതും ശ്രദ്ധേയം. 1951ല്‍ ഇംണ്ടിന് എതിരേ വിജയ് ഹസാരെ, 1976ല്‍ ന്യൂസിലന്‍ഡിന് എതിരേ സുനില്‍ ഗാവസ്കര്‍, 1987ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ദിലീപ് വെങ്സാര്‍ക്കര്‍, 2014ല്‍ ഓസ്ട്രേലിയയ്ക്ക് എതിരേ വിരാട് കോഹ്ലി എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്മാര്.
Sports
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ഫന്റാസ്റ്റിക് ബാറ്റിംഗ്. യശസ്വി ജയ്സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147) എന്നിവര്‍ക്കു പിന്നാലെ ഋഷഭ് പന്തും (134) സെഞ്ചുറി സ്വന്തമാക്കി.
ഇന്ത്യക്കുവേണ്ടി ഋഷഭ് പന്ത് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചു. നേരിട്ട 146-ാം പന്തില്‍ ഋഷഭ് പന്ത് സെഞ്ചുറിയില്‍. ടെസ്റ്റ് കരിയറില്‍ പന്തിന്റെ ഏഴാം സെഞ്ചുറി. 178 പന്തില്‍ 12 ഫോറും ആറ് സിക്സും അടക്കം 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജോഷ് ടോങിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ മൂന്നു റിക്കാര്‍ഡ് ഋഷഭ് പന്ത് തകര്‍ത്തു. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളാണ് ഒറ്റദിവസംകൊണ്ട് ധോണിയില്‍നിന്നു റാഞ്ചിയത്. 78 സിക്സായിരുന്നു ധോണിയുടെ റിക്കാര്‍ഡ്. ടെസ്റ്റില്‍ ആറ് സെഞ്ചുറിയും സേന രാജ്യങ്ങളില്‍ 1731 റണ്‍സുമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പന്ത് പഴങ്കഥയാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാം സ്ഥാനവും പന്തിനു സ്വന്തം.
52.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ് ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും ക്രീസില്‍ ഒന്നിച്ചത്. തുടര്‍ന്ന് ആദ്യദിനത്തില്‍ 85 ഓവര്വരെയും രണ്ടാം ദിനമായ ഇന്നലെ 16.5 ഓവറും ഗില്‍-പന്ത് കൂട്ടുകെട്ട് ക്രീസില്‍ തുടര്‍ന്നു. 127 റണ്‍സുമായി രണ്ടാംദിനം ക്രീസിലെത്തിയ ഗില്‍, 20 റണ്‍സ്കൂടി ചേര്‍ത്തു. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ശുഭ്മാന്‍ ഗില്ലിനെ, ഡീപ് ബാക്ക് വേഡ് സ്ക്വയര്‍ ലെഗില്‍ ജോഷ് ടോങ് കൈപ്പിടിയില്‍ ഒതുക്കി. 227 പന്തില്‍ ഒരു സിക്സും 19 ഫോറും അടക്കം 147 റണ്‍സുമായി ഗില്‍ പുറത്ത്. 301 പന്ത് നീണ്ട, 209 റണ്‍സിന്റെ ഗില്‍-പന്ത് നാലാം വിക്കറ്റ് കൂട്ടുകെട്ടും അതോടെ അവസാനിച്ചു.
ഗില്‍ പുറത്തായതോടെ ആറാം നമ്പറായി കരുണ്‍ നായര്‍ ക്രീസില്‍. 3006 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ ടെസ്റ്റ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ട കരുണ്‍ നായറിന് (0) അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. നേരിട്ട നാലാം പന്തില്‍ ബെന്‍ സ്റ്റോക്സിനു വിക്കറ്റ് നല്കി കരുണ്‍ മടങ്ങി. അരങ്ങേറ്റക്കാരനായ സായ് സുദര്‍ശനെയും നാലാം പന്തില്‍ ബെന്‍ സ്റ്റോക്സ് പൂജ്യത്തിനു പുറത്താക്കിയിരുന്നു. അരങ്ങേറ്റക്കാരനും തിരിച്ചുവരവുകാരനും നിരാശപ്പെടുത്തിയെന്നു ചുരുക്കം.
സ്കോര്‍ ബോര്‍ഡില്‍ 453 റണ്‍സുള്ളപ്പോള്‍ ഋഷഭ് പന്തും 454 റണ്‍സുള്ളപ്പോള്‍ ഷാര്‍ദുള്‍ ഠാക്കൂറും (1) പുറത്ത്. ഉച്ചഭക്ഷണത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ ആദ്യം മടങ്ങിയത് ജസ്പ്രീത് ബുംറ (0). പിന്നാലെ രവീന്ദ്ര ജഡേജയും (11) പ്രസിദ്ധ് കൃഷ്ണയും (1) പുറത്ത്. അതോടെ 113 ഓവറില്‍ 471 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന നിലയില്‍നിന്നാണ് 471ന് ഇന്ത്യ പുറത്തായത്. 41 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റ് നിലംപൊത്തി. ജയ്സ്വാള്‍, ഗില്‍, പന്ത് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്സില്‍ രണ്ടക്കം കണ്ടത് കെ.എല്‍. രാഹുല്‍ (42), രവീന്ദ്ര ജഡേജ (11) എന്നിവര്‍ മാത്രമാണ്.
ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും (4/66) ജോഷ് ടോങും (4/86) നാലു വിക്കറ്റ് വീതം വീഴ്ത്തി.